National
ന്യൂഡൽഹി: പാർലമെന്റിന്റെ ബജറ്റ് സമ്മേളനം 28 മുതൽ ഫെബ്രുവരി 13 വരെയും രണ്ടാം ഘട്ടം മാർച്ച് ഒന്പതു മുതൽ ഏപ്രിൽ രണ്ടു വരെയും നടക്കും. ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായി ഞായറാഴ്ച ദിവസമായ ഫെബ്രുവരി ഒന്നിന് രാവിലെ 11ന് കേന്ദ്ര ബജറ്റ് അവതരിപ്പിക്കുമെന്ന പ്രത്യേകതയും ഇത്തവണയുണ്ട്. ഇക്കാര്യം ദീപിക ഇന്നലെ റിപ്പോർട്ടു ചെയ്തിരുന്നു.
പ്രതിരോധമന്ത്രി രാജ്നാഥ് സിംഗിന്റെ അധ്യക്ഷതയിൽ ബുധനാഴ്ച രാത്രി ചേർന്ന കേന്ദ്രമന്ത്രിസഭയുടെ രാഷ്ട്രീയകാര്യ സമിതിയാണ് (സിസിപിഎ) പാർലമെന്റ് സമ്മേളനത്തിനും ബജറ്റ് അവതരണത്തിനും തീയതികൾ നിർദേശിച്ചത്. കേന്ദ്രമന്ത്രിസഭയുടെ ശിപാർശയോടെ രാഷ്ട്രപതിയാകും പിന്നീട് ഔദ്യോഗികമായി പാർലമെന്റ് സമ്മേളനം വിളിച്ചുകൂട്ടുക.
ലോക്സഭയുടെയും രാജ്യസഭയുടെയും സംയുക്ത സമ്മേളനത്തിന് രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ പ്രസംഗത്തോടെയാകും 28ന് തുടക്കമാകുക. മൂന്നാം നരേന്ദ്ര മോദി സർക്കാരിന്റെ നയപ്രഖ്യാപനം കൂടിയാകും ഈ വർഷത്തെ ആദ്യ സമ്മേളനത്തിൽ രാഷ്ട്രപതി നടത്തുക. രാജ്യത്തിന്റെ സാന്പത്തിക സ്ഥിതിയുടെ അവലോകനമായ സാന്പത്തിക സർവേ റിപ്പോർട്ട് തൊട്ടടുത്ത ദിവസമായ 29ന് പാർലമെന്റിൽ വയ്ക്കും.
അവധി ദിവസമാണെങ്കിലും 2017 മുതലുള്ള കീഴ്വഴക്കം പാലിച്ച് ഫെബ്രുവരി ഒന്നിന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ 2026-27 സാന്പത്തിക വർഷത്തേക്കുള്ള പൊതുബജറ്റ് അവതരിപ്പിക്കും. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനു മുന്പോ, പിന്നീടോ ഞായാറാഴ്ച ബജറ്റ് അവതരിപ്പിച്ചിട്ടില്ല. മുന്പു മൂന്നു തവണ കേന്ദ്രബജറ്റ് ശനിയാഴ്ചകളിൽ അവതരിപ്പിച്ചിട്ടുണ്ട്.
ധനമന്ത്രിയെന്ന നിലയിൽ തുടർച്ചയായ ഒന്പതാമത്തെ കേന്ദ്രബജറ്റാകും ഈ വർഷം നിർമല അവതരിപ്പിക്കുക. ഒന്പതു ബജറ്റ് അവതരിപ്പിച്ച പി. ചിദംബരത്തിന്റെ റിക്കാർഡിനൊപ്പമാകുമിത്. പത്തു ബജറ്റുകൾ അവതരിപ്പിച്ച മൊറാർജി ദേശായിയുടെ പേരിലാണു റിക്കാർഡ്. പ്രണാബ് മുഖർജി എട്ടു തവണ ബജറ്റ് അവതരിപ്പിച്ചിട്ടുണ്ട്.
National
ന്യൂഡൽഹി: പാക്കിസ്ഥാന് മുന്നറിയിപ്പുമായി പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. സർ ക്രീക്ക് മേഖലയിലെ അതിർത്തിയിൽ പാക്കിസ്ഥാൻ പ്രശ്നങ്ങളുണ്ടാക്കുകയാണ്. കറാച്ചിയിലേക്കുള്ള ഒരു വഴി കടന്നുപോവുന്നത് സർ ക്രീക്കിലൂടെയാണെന്ന് പാക്കിസ്ഥാൻ ഓർക്കണമെന്ന് അദ്ദേഹം പറഞ്ഞു.
സർ ക്രീക്ക് മേഖലയിലെ സൈനിക കേന്ദ്രത്തിൽ വിജയദശമി ദിനത്തിൽ ജവാന്മാരെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു പ്രതിരോധമന്ത്രി. ഗുജറാത്ത് തീരത്തോട് ചേർന്നുള്ള സർ ക്രീക്ക് മേഖലയിൽ പാക്കിസ്ഥാൻ സൈനിക സാന്നിധ്യവും അടിസ്ഥാനസൗകര്യങ്ങളും വിപുലീകരണവും നടത്തിയിരുന്നു.
പാക്കിസ്ഥാൻ ഈ മേഖലയിൽ ഏതെങ്കിലും തെറ്റായ നീക്കം നടത്തിയാൽ അത് ചരിത്രവും ഭൂമിശാസ്ത്രവും മാറ്റിമറിക്കുന്ന ശക്തമായ പ്രതികരണത്തിന് കാരണമാകുമെന്ന് അദ്ദേഹം വ്യക്തമാക്കി. 1965ലെ യുദ്ധത്തിൽ ഇന്ത്യൻ സൈന്യം ലഹോറിൽ വരെ എത്തിയത് ഓർമിപ്പിക്കുന്നു.
കറാച്ചിയിലേക്കുള്ള റോഡ് സർ ക്രീക്കിലൂടെയാണ് കടന്നുപോകുന്നതെന്ന് ഈ 2025ൽ പാക്കിസ്ഥാൻ ഓർക്കണം. സ്വാതന്ത്യ്രത്തിന് 78 വർഷത്തിനിപ്പുറവും പാക്കിസ്ഥാൻ സർ ക്രീക്കുമായി ബന്ധപ്പെട്ട തർക്കം ഉയർത്തുകയാണ്.
പ്രശ്നം ചർച്ചയിലൂടെ പരിഹരിക്കാൻ ഇന്ത്യ നിരവധി തവണ ശ്രമിച്ചതാണ്. എന്നാൽ പാക്കിസ്ഥാന്റെ ഉദ്ദേശ്യമെന്താണെന്നു വ്യക്തമല്ലെന്ന് രാജ്നാഥ് സിംഗ് പറഞ്ഞു.
National
ന്യൂഡൽഹി: ലോകത്ത് സ്ഥിരം ശത്രുക്കളോ മിത്രങ്ങളോ ഇല്ലെന്നും സ്ഥിരം താൽപ്പര്യങ്ങൾ മാത്രമേയുള്ളൂവെന്നും പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. യുഎസുമായി ബന്ധം വഷളാവുകയും ചൈനയോട് ഇന്ത്യ കൂടുതൽ അടുക്കുകയും ചെയ്യുന്നതിനിടെയാണ് പ്രതിരോധമന്ത്രിയുടെ പ്രസ്താവന.
ഇന്ത്യയുടെ നയവും തന്ത്രവും സ്വാശ്രയത്വവും ശക്തമണ്. ഏത് ആഗോള സമ്മർദ്ദത്തെയും അതിജീവിച്ച് രാജ്യം കൂടുതൽ ശക്തമായി ഉയർന്നുവരുമെന്നും ഇന്ത്യയ്ക്കെതിരെ യുഎസ് ചുമത്തിയ അധിക തീരുവകളെ പരോക്ഷമായി പരാമർശിച്ചുകൊണ്ട് രാജ്നാഥ് സിംഗ് പറഞ്ഞു.
ഇന്ത്യ ആരെയും ശത്രുവായി കാണുന്നില്ല. ഞങ്ങളുടെ കർഷകരുടെയും സംരംഭകരുടെയും താൽപ്പര്യമാണ് ഞങ്ങൾക്ക് ഏറ്റവും പ്രധാനം. രാജ്യത്തിന്റെ ക്ഷേമത്തിൽ ഒരു വിട്ടുവീഴ്ചയ്ക്കും ഞങ്ങൾ തയാറല്ല.
എത്ര വലിയ സമ്മർദ്ദമുണ്ടായാലും ഇന്ത്യ അതിന്റെ കർഷകർ, ചെറുകിട വ്യവസായികൾ, കടയുടമകൾ, കന്നുകാലി വളർത്തുന്നവർ, സാധാരണ പൗരന്മാർ എന്നിവരുടെ താൽപ്പര്യങ്ങൾക്ക് ഏറ്റവും ഉയർന്ന മുൻഗണന നൽകുന്നത് തുടരും.
കൂടുതൽ മർദ്ദം പ്രയോഗിക്കുന്തോറും പാറ കൂടുതൽ ശക്തമാകുമെന്ന് നമ്മളെല്ലാവരും ഭൂമിശാസ്ത്രത്തിൽ പഠിക്കുന്നുണ്ട്. ഇന്ത്യയുടെ മേൽ എത്രത്തോളം സമ്മർദ്ദം ചെലുത്തുന്നുവോ അത്രയധികം അത് ശക്തമായ പാറയായി മാറുമെന്ന് ഉറപ്പാണെന്നും രാജ്നാഥ് സിംഗ് കൂട്ടിച്ചേർത്തു.
National
ന്യൂഡൽഹി: 1999ലെ കാർഗിൽ യുദ്ധത്തിൽ വീരമൃത്യുവരിച്ച ധീരജവാന്മാർക്കു രാഷ്ട്രപതി ദ്രൗപതി മുർമുവും പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗും ആദരാഞ്ജലികൾ അർപ്പിച്ചു. ധീരസൈനികരുടെ ത്യാഗം ഇന്ത്യൻ സായുധസേനയുടെ അചഞ്ചലമായ ദൃഢനിശ്ചയത്തിന്റെ കാലാതീതമായ ഓർമപ്പെടുത്തലാണെന്ന് രാഷ്ട്രനേതാക്കൾ പറഞ്ഞു.
"കാർഗിൽ വിജയ് ദിവസത്തിൽ, മാതൃരാജ്യത്തിനായി ജീവൻ ബലിയർപ്പിച്ച ധീരസൈനികർക്ക് ആദരാഞ്ജലി അർപ്പിക്കുന്നു. നമ്മുടെ സൈനികരുടെ അസാധാരണമായ വീര്യത്തിന്റെയും ധൈര്യത്തിന്റെയും അചഞ്ചലമായ ദൃഢനിശ്ചയത്തിന്റെയും പ്രതീകമായി ഈ ദിവസം നിലകൊള്ളുന്നു...' രാഷ്ട്രപതി ദ്രൗപദി മുർമു എക്സിൽ എഴുതി.
"കാർഗിൽ വിജയ് ദിവസിൽ, ഏറ്റവും ദുഷ്കരമായ ഭൂപ്രദേശങ്ങളിൽ നമ്മുടെ രാജ്യത്തിന്റെ ബഹുമാനം സംരക്ഷിക്കുന്നതിൽ അസാധാരണമായ ധൈര്യവും മനക്കരുത്തും ദൃഢനിശ്ചയവും പ്രകടിപ്പിച്ച ധീരന്മാർക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്നു.' പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് എക്സിൽ കുറിച്ചു.
വീരമൃത്യുവരിച്ച വീരന്മാരുടെ ധൈര്യം ഭാവി തലമുറകൾക്ക് പ്രചോദനമാകുമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പറഞ്ഞു. അവരുടെ അചഞ്ചലമായ ധൈര്യവും ശൗര്യവും തലമുറകളെ പ്രചോദിപ്പിക്കുമെന്നും ഖാർഗെ എക്സിൽ എഴുതി.
1999ൽ ലഡാക്കിലെ വടക്കൻ കാർഗിൽ പർവതനിരകളിൽനിന്ന് പാക്കിസ്ഥാൻ സൈന്യത്തെ തുരത്തി ഇന്ത്യ നേടിയ വിജയത്തിന്റെ സ്മരണയ്ക്കായി എല്ലാ വർഷവും ജൂലൈ 26ന് കാർഗിൽ വിജയ് ദിവസ് ആഘോഷിക്കുന്നു.
National
സ്വന്തം ലേഖകൻ
ന്യൂഡൽഹി: ഷാങ്ഹായ് സഹകരണ സംഘടനയുടെ (എസ്സിഒ) നേതൃത്വത്തിൽ ഇന്നും നാളെയുമായി ചൈനയിലെ ക്വിങ്ദാവോയിൽ നടക്കുന്ന പ്രതിരോധമന്ത്രിമാരുടെ സമ്മേളനത്തിൽ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് ഇന്ത്യൻസംഘത്തെ നയിക്കും. 2020ൽ ഇന്ത്യയും ചൈനയും തമ്മിൽ ഗാൽവാനിലുണ്ടായ ഏറ്റുമുട്ടലിനുശേഷം ഇതാദ്യമായാണു പ്രതിരോധമന്ത്രി ചൈന സന്ദർശിക്കുന്നത്.
സമ്മേളനത്തിനിടെ ചൈനീസ് പ്രതിരോധമന്ത്രിയുമായി രാജ്നാഥ് സിംഗ് കൂടിക്കാഴ്ച നടത്തും. ‘ഓപ്പറേഷൻ സിന്ദൂറി’നുശേഷം ഇരുരാജ്യങ്ങളും ഉന്നതതലത്തിൽ നടത്തുന്ന കൂടിക്കാഴ്ചകൂടിയായിരിക്കുമിത്. സമ്മേളനത്തിൽ പങ്കെടുക്കുന്നതിനായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ ഇതിനോടകം ചൈനയിലെത്തിയിട്ടുണ്ട്.
ആഗോളതലത്തിൽ സമാധാനവും സുരക്ഷയും കൈവരിക്കുന്നതിലുള്ള ഇന്ത്യയുടെ കാഴ്ചപ്പാട് സമ്മേളനത്തിൽ വ്യക്തമാക്കുമെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു.
എസ്സിഒ രാജ്യങ്ങളുടെ പരസ്പര സഹകരണം, പ്രാദേശിക, അന്തർദേശീയ സമാധാനം, സുരക്ഷ, തീവ്രവാദവിരുദ്ധ ശ്രമങ്ങൾ തുടങ്ങിയ വിഷയങ്ങൾ സമ്മേളനത്തിൽ ചർച്ചയാകും. അന്തർദേശീയ തലത്തിലെ വിവിധ വിഷയങ്ങളിൽ പരസ്പര സഹകരണം ലക്ഷ്യമിട്ടു 2001ലാണ് എസ്സിഒ സംഘടന സ്ഥാപിതമാകുന്നത്. 2017ൽ ഇന്ത്യ ഇതിൽ പൂർണ അംഗമായി. 2023ൽ ചെയർമാൻസ്ഥാനവും ഇന്ത്യ ഏറ്റെടുത്തു. നിലവിൽ പത്തു രാജ്യങ്ങളാണ് സംഘടനയിലുള്ളത്.